റബീഉൽ അവ്വൽ ഓർത്തെടുക്കുമ്പോൾ

 


റബീഉൽ അവ്വൽ ഓർത്തെടുക്കുമ്പോൾ
സിദ്ധിഖ് എ പി (കുഴിങ്ങര)

   റബീഉൽ അവ്വൽ എന്നും സുന്ദരമായ ഓർമകളാണ് നമ്മുക്ക് സമ്മാനിക്കുന്നത്,
വളരെ ചെറുപ്പത്തിലെ നബിദിനം ഓർത്തെടുക്കുമ്പോൾ… നബിദിന ഘോഷയാത്ര പോയിരുന്നത് കൈവണ്ടിയിൽ കോളാമ്പി കെട്ടി അതിന്റെ കൂടെ മൈക്കയും പിടിച്ചു മദ്ഹു ഗാനങ്ങളും ആലപിച്ചു കൊണ്ടായിരുന്നു,
റാലിയിൽ റൂട്ട് മാർച്ചു (സ്കൗട്ട് ) പന്താവൂർ ഉസ്താദിന്റെ മേൽനോട്ടത്തിൽ നടന്നിരുന്നു, ടാറിടാത്ത ആ പഴയ റോഡിന്റെ ഓരം ചേർന്നാണ് റാലി പോവുക, നബിദിനത്തിനു കൈനിറയെ മിട്ടായി കിട്ടുന്നതാണ് അകതാരിൽ ആഹ്ലാദം നിറക്കുന്ന അന്നത്തെ പ്രധാന സംഭവം ,
മദ്രസ്സയിൽ രണ്ടിലോ മൂന്നിലോ ആയതിനു ശേഷം കലാപരിപാടിയിൽ എന്തിനോ എന്നെയും പിടിച്ചിട്ടു, മീലാദ് മാസം തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ പാട്ടിനും പ്രസംഗത്തിനും ബുക്ക് കൊടുക്കണം, ഉണ്ണീന്കുട്ടി ഉസ്താദ് പാട്ടു പുസ്തകങ്ങൾ പകർത്തി എഴുതി തരും, പാടി പടിപ്പിക്കും, അതൊരു രസം തന്നെ ആയിരുന്നു , ഗൗരവമുള്ള മത പാഠങ്ങൾക്കപ്പുറം മദ്രസ്സയിൽ ഈണത്തിലുള്ള പാട്ടും മറ്റു കലാപരിപാടികളുമായി ഉള്ള ഒരു മാസക്കാലം
പ്രസംഗം ഉള്ളവർക്ക് ആണ് കൂടുതൽ പ്രയാസം, പലപ്പോഴും പറയുന്നത് തെറ്റും, പിന്നിൽ ചൂരലുമായി ഉസ്താദ് നിൽക്കുന്നുണ്ടാവും,  പ്രസംഗത്തോടപ്പം അടികൊണ്ട പുളച്ചിലും കാണാം, പ്രസംഗത്തിന് കാണിക്കേണ്ട അംഗ ചലനം ഒക്കെ ചൂരലിന്റെ വീശലിൽ മാറിപ്പോകും
വൈകുന്നേരങ്ങളിലെ പതിവ് പ്രാക്ടീസ് കൂടാതെ ഞാറാഴ്ചകളിൽ മദ്രസ്സയിലെ മൊത്തം കുട്ടികളുടെ മുൻപിൽ വെച്ചും പരിപാടി അവതരിപ്പിക്കണം,
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും തന്റെ ഊഴം എത്തുന്നത് കാത്തു നെഞ്ചിടിപ്പോടെ ആയിരിക്കും മുന്നിൽ ഇരിക്കുക, അങ്ങിനെ ഒക്കെ ആണെങ്കിലും നബിദിനം അടുത്ത് വരുന്നത് എല്ലാവര്ക്കും ആവേശമാണ്,
നന്നായി പാടുന്നവരുടെ തിളങ്ങാൻ പറ്റിയ സമയമായിരുന്നു, അവർക്കു പ്രത്യേക പ്രിവിലേജ് കൊടുത്തിരുന്നു..
കൊടിക്കു വേണ്ട വടി വെട്ടാൻ പോകലും ഒരു ആവേശമാണ്, വെട്ടി കൊടുന്ന വടി കൊണ്ട് പഠിക്കാത്തതിന് നമ്മുക്ക് തന്നെ അടി കിട്ടിയ അനുഭവവും ഉണ്ട് ,
മദ്രസ്സയുടെ വാതിൽ കട്ടള പടിയിലും ജനലുമേലും വർണ കടലാസുകൾ ഒട്ടിച്ചിരിക്കും, കൊടികൾ പശ തേച്ചു തലതിരിച്ചു ഒട്ടിക്കുന്നതും ക്‌ളാസ് റൂമിൽ പശ കളഞ്ഞു പോകുന്നതും എല്ലാം പതിവ് ആണ്,
റാലിയിൽ മുന്നിലും ഇടക്കും പിടിക്കാനുള്ള ബോർഡുകൾ മനോഹരമായ അറബി കാലിഗ്രഫിയിൽ തിളങ്ങുന്ന പേപ്പർ കൊണ്ട് ഭംഗിയാക്കിയിട്ടുണ്ടാവും, കലാപരമായി അല്പം സ്വല്പം അറിയാവുന്നതു കൊണ്ട് നുമ്മേ ആ ജോലി ഏല്പിക്കാറുണ്ട് , അതിന്റെ പത്രാസ് കാണിക്കാറും ഉണ്ട്, 
     നബിദിനത്തിന്റെ അന്ന് സുബ്ഹിക്ക് മൗലൂദിന് ചാടിയെണീറ്റു പുറപ്പെടും, അതുകഴിഞ്ഞു , കുളിച്ചു ഒരുങ്ങി രാവിലെ പതാക ഉയർത്തുന്നതിന് മുൻപേ അവിടെ എത്താൻ ബഹളമായിരിക്കും, പള്ളി പരിസരം തോരണം കെട്ടിയതിന്റെ ഭംഗിയും കാറ്റടിക്കുമ്പോൾ അതിൽ നിന്നുണ്ടാവുന്ന ശബ്ദവും ഹൃദ്യമായിരുന്നു
വൈകുന്നേരം ആണ് പൊതു പരിപാടി, നല്ല പാട്ട് , പ്രസംഗം , കഥാപ്രസംഗം എന്നിവയൊക്കെ അവസാനം ആണ് ഉണ്ടാവുക, അത് കൊണ്ട് എന്റെ പരിപാടി ഒക്കെ മഗ്‌രിബിന്‌ മുൻപേ കഴിഞ്ഞിരിക്കും,       ക്ലാസ്സിൽ മുടങ്ങാതെ വന്നവർക്കും കൂടുതൽ മാർക്ക് നേടിയവർക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ട്,
മിക്കവാറും ഉടയുന്ന ഗ്ലാസ് ആയിരിക്കും കിട്ടുക, എന്നാലും ലോകകപ്പ് നേടിയ ഗമയോടെ ആയിരിക്കും അതുമായി വീട്ടിൽ എത്തുക,
  പ്രസംഗത്തിനിടയിൽ മറന്നു പോയാൽ സലാം പറഞ്ഞു എസ്‌കേപ് ആവുന്ന വിദ്യയും ഉസ്താദ് നേരത്തെ പറഞ്ഞു തരും, എത്ര നല്ല പരിപാടി ഒക്കെ ഉണ്ടങ്കിലും വലിയ ഉസ്താദിന്റെ (തൊഴിയൂർ ഉസ്താദിന്റെ) ഹൃദ്യമായ പ്രസംഗം ആയിരുന്നു എല്ലാവര്ക്കും സന്തോഷം നൽകിയിരുന്നത് ,
മഹല്ലിലെ ഔദോഗിക നബിദിനം കഴിഞ്ഞാലും ഞങ്ങൾ പിള്ളേരുടെ നബിദിനവും നടത്താറുണ്ടായിരുന്നു, ബഡ്ജറ്റ് അതികം ഇല്ലാത്തതിനാൽ ആരുടെയെങ്കിലും വീടിനോടു ചേർന്ന മൈതാനങ്ങളിൽ ആയിരിക്കും മിക്കവാറും പൊതു പരിപാടി,
   ഒരു പാട് നർമ്മം നിറഞ്ഞ കാര്യങ്ങൾ അത്തരം പരിപാടിയുമായി ബന്ധപെട്ടു ഉണ്ട് ,(പോസ്റ്റിന്റെ ധൈര്ഗ്യം ഭയന്ന് ചുരുക്കുന്നു),
     മുതിർന്നപ്പോൾ നബിദിന നടത്തിപ്പുകാരന്റെ റോളായിരുന്നു, നബിദിന മീറ്റിങ്, പിരിവ്, സമ്മാനം വാങ്ങിക്കാൻ പോകൽ, അരങ്ങു കെട്ടൽ, സ്റ്റേജ് ഒരുക്കൽ അങ്ങിനെ ഒരുപാടു ഉത്തരവാദിത്വങ്ങൾ....,
അവസാനമായി ഗൾഫിൽ വരുന്നതിന്റെ തൊട്ടു മുൻപ് 1999 ഇൽ ആണ് അവസാനമായി സജീവമായി നബിദിനത്തിൽ പങ്കുകൊണ്ടത്, അന്ന് നബിദിന കമ്മറ്റിയിൽ മാത്രമല്ല പ്രോഗ്രാം അറേൻജ് ചെയ്യുന്നതിലും കാര്യമായ പങ്കു വഹിച്ചു,
ദഫ് / സ്കൗട്ട് പഠിപ്പിക്കൽ എന്ന വലിയ ഉത്തരവാദിത്വം ഏറ്റടുത്തു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ വളരെ നല്ല രീതിയിൽ അത് പഠിപ്പിക്കാനും അവതരിപ്പിക്കാനും കഴിഞ്ഞു, കുറച്ചു പേർക്ക് പാടാൻ പാട്ട് കൊടുത്തതും ഈ വിനീതനായിരുന്നു, ആ വകയിൽ നുമ്മക്ക് മുപ്പതോളം ശിഷ്യന്മാർ ഒക്കെ ഉണ്ട് , ഉസ്താദുമാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹകരണം എന്നും ഉണ്ടായിരുന്നു,
ഇന്ന് ഇരുപത്തിനാലു  വർഷങ്ങൾക്കിപ്പുറം നബിദിനത്തിന്റെ പൊലിമയും തനിമയും നഷ്ടപെടുന്നുണ്ടോ എന്ന ആശങ്കയുണ്ട് ,
കഴിഞ്ഞു പോയ റബീഹ് വസന്തങ്ങൾ വീണ്ടും ആവർത്തിക്കപ്പെടട്ടെ... ... മാനവരിൽ മഹാ ശ്രേഷ്ഠനായ പ്രവാചകരിൽ നാഥന്റെ അനുഗ്രഹം എന്നും വർഷിക്കപ്പെടട്ടെ ....
എല്ലാവര്ക്കും. നബിദിനാശംസകൾ🌹

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്