ഒരു പെരുന്നാൾ തലേന്നത്തെ നടുക്കുന്ന ഓർമ


ഒരു പെരുന്നാൾ തലേന്നത്തെ നടുക്കുന്ന ഓർമ

      സ്‌മൃതിയിൽ തെളിയുന്ന പെരുന്നാൾ ഓർമകൾക്ക് ഇന്നും അത്തറിന്റെ..വിഭവങ്ങളുടെ..  പുതു വസ്ത്രത്തിന്റെ.. സുഗന്ധം ഉണ്ട്,
ചെറു പ്രായത്തിലെ പെരുന്നാളിന് ഇന്നത്തെ പോലെ സുഭക്ഷിതയോ സുലഭവും വൈവിധ്യങ്ങളുമായ വിഭവങ്ങളോ ഇല്ലായിരുന്നു, പെരുന്നാളുകളിലും മറ്റു വിരുന്നുകളിലും മാത്രമേ സ്പെഷ്യൽ ഫുഡ് ഉണ്ടാകു, പുതു വസ്ത്രങ്ങളും അതുപോലെ തന്നെ, അതുകൊണ്ടു തന്നെ പെരുന്നാൾ ആഗതമാകുമ്പോൾ അകതാരിൽ ആനന്ദം നിറയും
      ചെറുപ്പത്തിലെ പെരുന്നാൾ സന്തോഷത്തിനു മറ്റൊരു കാരണം നോമ്പ് ഇരുപത്തി ഏഴാം നാളിൽ കിട്ടുന്ന നാണയത്തുട്ടുകൾ ആയിരുന്നു പെരുന്നാളിന് പടക്കം വാങ്ങിക്കാനാണ് ആ പണം ഉപയോഗിക്കുക, വൈകാതെ ആ പൈസ പൂത്തിരി കത്തിച്ചു തീരുകയും ചെയ്യും,
       ബാല്യത്തിലെ പെരുന്നാൾ ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം തോന്നുന്ന ഒരു സംഭവവും ഉണ്ട്, ഉപ്പാക്ക് നാട്ടിൽ പലചരക്കുകട ഉണ്ടായിരുന്നു, നോമ്പ് പെരുന്നാൾ അടുത്താൽ ഷോപ്പിന്റെ സ്റ്റോർ റൂമിനു മുന്നിലായി പടക്ക കച്ചവടം നടത്തിയിരുന്നു,
നന്നേ ചെറുപ്പത്തിൽ വൈകിട്ട് അവിടെ പോയി അതൊക്കെ നോക്കിയിരിക്കൽ പതിവായിരുന്നു, 
     അങ്ങിനെ ഒരു ദിവസം പതിവുപോലെ പടക്ക കച്ചോടം നടക്കുന്നതും നോക്കിയിരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ ഉറക്കം വന്നു സ്റ്റോറിൽ അട്ടിയിട്ടിരുന്ന അരി ചാക്കുകൾക്കിടയിൽ പോയി കിടന്നു, അതൊരു പെരുന്നാളിന്റെ തലേന്ന് ആയിരുന്നു, അടുത്ത ദിവസം ആഘോഷിക്കുന്ന പെരുന്നാളിനെ മനസ്സിൽ പ്രതീക്ഷയോടെ ഓർത്തു ഓർത്തു അങ്ങിനെ ഉറങ്ങുകയും ചെയ്തു
      സമയം ഒരുപാടു വൈകി കടയിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു പെരുന്നാളിന് വേണ്ട സാധനങ്ങളുമായി കടയും സ്റ്റോറും അടച്ചു എല്ലാവരും പോയി, ഞാൻ അവിടെ കിടക്കുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു..
     ആ റൂമിനാണങ്കിൽ വേറെ വാതിലോ ജനലുകളോ ഇല്ല, ഫ്രന്റിലെ ഷട്ടർ മാത്രം ഉണ്ടായിരുന്നുള്ളു, ഉപ്പയും കടയിലെ ജോലിക്കാരും വീട്ടിൽ എത്തി 
സാധനങ്ങൾ നോക്കിയപ്പോഴാണ് പെരുന്നാൾ സദ്യക്കുള്ള ചെറുപഴം എടുക്കാൻ മറന്ന കാര്യം ശ്രദ്ധയിൽ പെട്ടത്,
       അങ്ങിനെ കടയിലെ ജോലിക്കാരനായ ഹൈദർക്ക തിരിച്ചു പോയി സ്റ്റോർ തുറന്നു പഴുക്കാൻ വെച്ച പഴകുല എടുക്കാൻ ചാക്ക് നീക്കിയപ്പോഴാണ് കാലി ചാക്കുകൾക്കിടയിൽ ഒരു കുഞ്ഞി കാല് കാണുന്നത്, ഹൈദർക്ക ബേജാറോടെ എന്റെ മുകളിലായി കൊണ്ട് ഇട്ടിരുന്ന ചാക്കുകൾ എല്ലാം നീക്കി, സുഖ ശയനത്തിലായ എന്നെ തട്ടി എണീപ്പിച്ചു,  വീട്ടിലേക്കു കൊണ്ടുപോയി...
       അന്ന് പഴക്കുല എടുക്കാൻ ഓർത്തില്ലായിരുന്നുവെങ്കിൽ എന്നെ അന്ന്വേഷിച്ചു പരിഭ്രാന്തരായി വീട്ടുകാരുടെയും കുടുംബരുടെയും എന്നല്ല ഞങ്ങളുടെ ചെറു ഗ്രാമത്തിലെ തന്നെ  പെരുന്നാൾ ആഘോഷം ഇല്ലാതെയായേനെ.

സിദ്ധിക്ക് എ പി കുഴിങ്ങര
വടക്കേകാട് | തൃശൂർ

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്