ഇരട്ട നോമ്പിന്റെ_ഭാരം
------------------------
"ഓളെ നോമ്പ് അനക്ക് കിട്ടും..."
ഉമ്മ സമാധാനിപിച്ചു,
ഇളയ പെങ്ങൾ അടിച്ചതാണ് വിഷയം, റമദാനായിട്ടും രണ്ടു പേർക്കും കുറുമ്പിനു ഒട്ടും കുറവില്ല,
അടി കിട്ടിയ പാടെ ഉമ്മാടെ അടുത്ത് സങ്കടം പറയാൻ പോയി, ഉമ്മ ഖുർആൻ പാരായണത്തിൽ ആയിരുന്നു,
(മിക്കവാറും തെറ്റ് എന്റെ ഭാഗത്തു തന്നെ ആയിരിക്കും, അത് വീട്ടിൽ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്),
എന്നെ ആശ്വസിപ്പിക്കാനായി ആണ് ഉമ്മ "ഓളെ നോമ്പ് അനക്ക് കിട്ടും." എന്ന് പറഞ്ഞത്
അവിചാരിതമായി പെങ്ങളുടെ നോമ്പ് കൈക്കലാക്കിയതിന്റെ ഗമയിൽ ഞാൻ നടന്നു,
(ചെറുപ്പത്തിൽ ആരെങ്കിലും നോമ്പ് ഉള്ള ആളെ തല്ലിയാൽ അവരുടെ നോമ്പ് തല്ലു കൊണ്ട ആൾക്ക് കിട്ടും എന്ന പറച്ചിൽ നാട്ടിൽ ഉണ്ടായിരുന്നു, അത് ശരി ആണെന്നാണ് കുഞ്ഞു പ്രായത്തിൽ ധരിച്ചു വെച്ചിരുന്നത് )
രണ്ടു നോമ്പ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല നല്ല ദാഹം,, സമയം ഉച്ചയോടടുക്കുന്നു, ഒരു നോമ്പ് മുറിച്ചാലോ? ഞാൻ ചിന്തിച്ചു,
അല്ലെങ്കിലും തല്ലു കൂടി കിട്ടിയ നോമ്പ് എനിക്ക് എന്തിനാ? എനിക്ക് എന്റെ നോമ്പ് മതി, എന്നിലെ അഭിമാനി ഉണർന്നു...
ഏറെ ചിന്തിച്ചില്ല കിണറിന്റെ പരിസരത്തേക്ക് പോയി, കിണറ്റിൽ കണ്ണാടി പോലെ വെള്ളം..
ദാഹം കൂടി കൂടി വരുന്നു... കുടിക്കാൻ മോഹവും, എന്നാലും പരസ്യമായി കുടിക്കാൻ ഒരു മടി, എന്തായാലും തറവാട് വരെ ഒന്ന് പോയി വരാം... ഉമ്മ അവിടേക്കു പോയിട്ടുണ്ട്,
അവിടെ ചെന്നപ്പോൾ എല്ലാരും മുൻവശത്തുള്ള പുളി മരത്തിന്റെ ചോട്ടിലാണ്, പുളി പൊട്ടിക്കാൻ ആള് വന്നിട്ടുണ്ട് എല്ലാരും പുളി പറക്കുന്ന തിരക്കിലാണ്,
എല്ലാവര്ക്കും നോമ്പുണ്ട് (പക്ഷെ എന്നെ പോലെ രണ്ടു നോമ്പില്ല 😊 ഒരു നോമ്പെ ഉള്ളു,)
പുളി കണ്ടപ്പോൾ വായിൽ വെള്ളമൂറി, മനസ്സിൽ ലഡ്ഡു പൊട്ടി, എനിക്കുള്ള രണ്ടു നോമ്പിൽ അടികിട്ടി നേടിയ ഒരു നോമ്പ് ഇപ്പോൾ മുറിക്കാം, എന്റെ നോമ്പ് വൈകീട്ടും ,
ഏറെ ചിന്തിച്ചില്ല... താഴെ കിടക്കുന്നതിൽ നിന്ന് ഒരു വിധം പഴുത്ത ഒരു പുളി തൊണ്ടു കളഞ്ഞു വായിൽ വെച്ചു... പുളി എടുത്തപ്പോഴേ വായിൽ വെള്ളം നിറഞ്ഞിരുന്നു,
വായിൽ വെച്ച് ഒന്ന് ശരിക്കും നുണഞ്ഞില്ല അപ്പോഴേക്കും ഉമ്മ അത് കണ്ടു,
കണ്ടപാടെ ഉമ്മ വന്നു എന്റെ വായിൽ നിന്ന് പുളി എടുത്തു കളഞ്ഞു, എന്നോട് തുപ്പാനും പറഞ്ഞു,, ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല 😔
ശ്ശൊ... വല്ലാത്ത നാണക്കേടായി പോയി...
ഈ ഉമ്മാനെ കൊണ്ട് ഞാൻ തോറ്റു... ഞാൻ രണ്ടു നോമ്പിൽ ഒരു നൊമ്പല്ലെ മുറിക്കുന്നുള്ളു...
ഉമ്മാട് പിണങ്ങി ഞാൻ വീട്ടിലേക്കു നടന്നു... 🧑🦯🧑🦯🧑🦯
ഇരട്ട നോമ്പിന്റെ ഭാരവും പേറി...
സിദ്ധിക്ക് ഏ പി
കുഴിങ്ങര

Comments
Post a Comment